പല നാടുകളിലും പല പേരിലും പല വേര്‍ഷനുകളിലും പ്രചരിക്കുന്ന പല കഥകളും ഉണ്ട്. അതു പോലെ കേട്ട ഒരു സംഭവമാണു ഞാന്‍ ഈ പോസ്റ്റില്‍ എഴുതാന്‍ ശ്രമിക്കുന്നത്. ഈ കഥാതന്തു എന്റെ സ്വന്തമല്ലെന്നു അറിയിച്ചു കൊള്ളട്ടെ. [ ഏതെങ്കിലും ഞാന്‍ വായിക്കാത്ത ബ്ലോഗ്ഗുകളിലോ കാണാത്ത മെഗാ സീരിയലിലോ മറ്റോ ഇതു വന്നിട്ടുണ്ടെങ്കില്‍ വായനക്കാര്‍ പൊറുക്കുക ]
കേരത്തിന്റെ സ്വന്തം ലീഡര്‍ തറക്കല്ലിടുകയും, നര്‍മ്മസാമ്രാട്ടു നായനാര്‍ പണി പൂര്‍ത്തിയാക്കുകയും ചെയ്ത കൊ.ഇ.എ.ലി (കൊച്ചിന്‍ അന്തര്‍രാഷ്ട്രീയ വ്യോമയാന ക്ലിപ്തം) നു സമീപം സ്തിതി ചെയ്യുന്ന ഒരു പ്രദേശമാണു കാഞ്ഞൂര്‍. ജാതിമതഭേധമന്ന്യേ ഭക്തജനങ്ങളും ധര്‍മ്മക്കാരും പെരുന്നാള്‍ സമയത്തു ഒത്തു ചേരുന്ന ഒരു സോഷ്യലിസ്റ്റു ദേവാലയമാണു കാഞ്ഞൂര്‍ പള്ളി. കാഞ്ഞൂരും പരിസരപ്രദേശങ്ങളിലും ഐശ്വര്യവും സാഹോദര്യവും വളര്‍ത്തി കാഞ്ഞൂര്‍ പുണ്യാളന്‍ വാണു പോന്നിരുന്നു.
തോമസ്സേട്ടന്‍ പ്രത്യേകിച്ചു പറയാന്‍ പാകത്തിനു പണിയൊന്നുമില്ലാതെ നടന്നിരുന്ന സ്തലത്തെ പരോപകാരി ആയിരുന്നു (ഇപ്പോഴും വലിയ മാറ്റം ഒന്നുമില്ല). മഴ പെയ്തു പാടത്തും തോട്ടിലും വെള്ളം നിറഞ്ഞാല്‍ പിന്നെ മീന്‍ പിടിക്കുക എന്നുള്ളതായിരുന്നു ഇതിയാന്റെ പ്രധാന ഹോബി. കാലത്തു തന്നെ ചൂണ്ടയും ചിരട്ടയില്‍ ഞാഞ്ഞൂളും ആയി വീട്ടില്‍ നിന്നിറങ്ങിയാല്‍ വൈകുന്നേരം രണ്ടു മൂന്നു ചുട്ടിപൊങ്ങനും പരലും ഒക്കെ ഈര്‍ക്കിളില്‍ കോര്‍ത്ത് സത്യന്‍ മാഷു സ്റ്റൈലില്‍ ആന്നു വീട്ടില്‍ കേറാറ്.
ഒരു ദിവസം പതിവു പോലെ മിസ്റ്റര്‍ തോമസ്സേട്ടന്‍ വടിയും നൂലുമായി മീന്‍ പിടിക്കാനിറങ്ങി. അന്നു ഉച്ചയായിട്ടും പരലിനെ പോയിട്ടു ഒരു ചുട്ടിപൊങ്ങന്‍ പോലും അതിയാന്റെ ചൂണ്ടയില്‍ കൊളുത്തിയില്ല. മീനുകളും മണ്ണിരകളും തമ്മില്‍ ഒരു ധാരണയില്‍ എത്തിയെന്നു തോമസ്സേട്ടനു തോന്നി. പെട്ടെന്നാണു തോമസ്സേട്ടനു പുണ്യാളന്റെ കാര്യം ഓര്‍മ്മ വന്നതു.
' ന്റെ പുണ്യാളാ, ആദ്യം കിട്ടണ മീനിനെ പുണ്ണ്യാളനു തന്നേക്കാവേ' എന്നു നേര്‍ന്നു. അത്ഭുതമെന്ന പോലെ തോമസ്സേട്ടന്‍ അന്നേവരെ കാണാത്തത്ര വലിപ്പമുള്ള ഒരു ബ്രാല്‍ ആണു ചൂണ്ടയില്‍ കൊളുത്തിയത്.
ഇത്രെം കഷ്ടപെട്ടു കിട്ടിയ മീനിനെ പുണ്യാളനു കൊടുക്കുന്ന കാര്യം ഓര്‍ത്തപ്പൊള്‍ തോമസ്സേട്ടന്റെ ഉള്ളൊന്ന് പിടഞ്ഞു.
' ന്റെ പുണ്യാളാ, അടുത്ത് കിട്ടണ മീനിനെ പുണ്ണ്യാളനു തന്നേക്കാവേ' എന്നു തോമസ്സേട്ടന്‍ നേര്‍ന്നു. അടുത്ത തവണ തോമസ്സേട്ടനു കിട്ടിയതു അതിലും വലിയ മീനായിരുന്നു. തോമസ്സേട്ടന്‍ വീണ്ടും ആശയകുഴപ്പതിലായി. ഒരു തവണ കൂടി പുണ്യാളനോട് തോമസ്സേട്ടന്‍ എക്സ്ക്യൂസ് പറഞ്ഞു.
' ന്റെ പുണ്യാളാ, അടുത്ത് കിട്ടണ മീനിനെ എന്തായാലും പുണ്ണ്യാളനു തന്നേക്കാവേ' എന്നു പറഞ്ഞു നാക്കെടുത്തു വായില്‍ തിരികെ പ്ലെയ്സ് ചെയ്യും മുന്‍പെ പിടിച്ചിട്ട രണ്ടു മീനും പിടച്ചു തോട്ടിലോട്ടു ചാടി.
' ഛെ, ഈ പുണ്യാളന്റെ ഒരു കാര്യം. ഒരു തമാശ പറഞ്ഞാലും മനസ്സിലാവില്ല' എന്നും പറഞ്ഞ് തോമസ്സേട്ടന്‍ പതുക്കെ വീട്ടിലോട്ട് നടന്നു.
Tuesday, June 26, 2007
Subscribe to:
Posts (Atom)
